രണ്ടായിരത്തിലേറെ മരണം
1000 വീടുകള്‍ തകര്‍ന്നു
300 വീടുകള്‍ മണ്ണിനടിയില്‍
രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചു
കാബൂള്‍ : കനത്ത മഴയെത്തുടര്‍ന്ന് വടക്കുകിഴക്കന്‍ അഫ്ഗാനിസ്താനിലെ വിദൂരഗ്രാമത്തിലുണ്ടായ രൂക്ഷമായ മണ്ണിടിച്ചിലില്‍ രണ്ടായിരത്തിലേറെപ്പേര്‍ മരിച്ചുവെന്ന് സംശയം. ബധക്ഷാന്‍ പ്രവിശ്യയിലെ അര്‍ഗൊ ഗ്രാമത്തില്‍ മലയുടെ ഗണ്യമായ ഭാഗം ഒന്നാകെ ഇടിഞ്ഞു വീണാണ് അപകടം. മരണസംഖ്യ 500 കവിയില്ലെന്നാണ് പ്രവിശ്യാഭരണകൂടത്തിന്റെ വിലയിരുത്തല്‍ .
ആഴ്ചകളായി തുടരുന്ന മഴയിലും വെള്ളപ്പൊക്കത്തിലുമായി രാജ്യത്ത് 150 പേര്‍ മരിച്ചതിന് പിന്നാലെയാണ് മണ്ണിടിച്ചില്‍ ദുരന്തം. മലയിടിച്ചിലില്‍ 215 കുടുംബങ്ങള്‍ താമസിച്ചിരുന്ന അര്‍ഗോ ഗ്രാമം പൂര്‍ണമായും അപ്രത്യക്ഷമായി. അടുത്തടുത്ത വീടുകളിലായി കഴിഞ്ഞ നൂറുകണക്കിന് ആളുകളാണ് ഒരുനിമിഷംകൊണ്ട് ജീവനോടെ കുഴിച്ചുമൂടപ്പെട്ടത്.
ആയിരത്തോളം വീടുകളാണ് മണ്ണിടിച്ചിലില്‍ തകര്‍ന്നത്. ഇതില്‍ 300ഓളം വീടുകള്‍ പൂര്‍ണമായും മണ്ണിനടിയിലാണ്. അവധിദിവസമായ വെള്ളിയാഴ്ചയാണ് വന്‍ അത്യാഹിതമുണ്ടായത്. അവധിയായതിനാല്‍ ആളുകള്‍ ഏറിയപങ്കും അവരവരുടെ വീടുകളിലായിരുന്നു.പള്ളിയില്‍ പ്രാര്‍ഥനയ്ക്ക് ഒത്തുകൂടിയിരുന്ന നൂറുകണക്കിന് ആളുകളും ദുരന്തത്തില്‍പ്പെട്ടു. രണ്ട് പള്ളികളും മണ്ണുമൂടിപ്പോയി. കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ മേഖലയിലെ 700 കുടുംബങ്ങളില്‍ നിന്നുള്ള 2000 പേരെ ഒഴിപ്പിച്ചു. ഇവരെ താത്കാലിക ടെന്റുകളിലാണ് പുനരധിവസിപ്പിച്ചിരിക്കുന്നത്.
വീടുകള്‍ മണ്ണുവീണ് ആഴത്തില്‍ മൂടിക്കിടക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്. ചളിയില്‍ മൂടിക്കിടക്കുന്ന വീടുകള്‍ക്കുള്ളില്‍നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നത് ദുഷ്‌കരമാണെന്ന് അഫ്ഗാന്‍ ദുരന്തനിവാരണ അതോറിറ്റി ഡയറക്ടര്‍ സയ്യിദ് ഹുമയൂണ്‍ ദഹ്ഖാന്‍ പറഞ്ഞു.
സ്ത്രീകളും കുട്ടികളും അടക്കം 2500 പേര്‍ മരിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രാദേശികമായി കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബധക്ഷാന്‍ ഗവര്‍ണര്‍ ഷാ വാലയുള്ള അദീപ് പറഞ്ഞു. അത്യാഹിതം നടന്ന് 24 മണിക്കൂര്‍ പിന്നിട്ട സ്ഥിതിക്ക് മണ്ണിനടിയില്‍നിന്ന് ജീവനോടെ ഇനി ആരെയെങ്കിലും രക്ഷപ്പെടുത്താനാകുമെന്ന പ്രതീക്ഷയും ഏറക്കുറെ ഇല്ലാതായി. മണ്ണിടിച്ചിലിനൊപ്പം വടക്കന്‍ അഫ്ഗാനിസ്താന്റെ പല ഭാഗങ്ങളിലു കഴിഞ്ഞ ദിവസങ്ങളില്‍ ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവുമുണ്ടായിരുന്നു. . ജൊവ്‌സാന്‍, ഫരിയാബ് തുടങ്ങിയ പ്രവിശ്യകളില്‍ നിന്നായി 67,000 പേരെ ഒഴിപ്പിച്ചിരുന്നു.
അസോസിയേറ്റഡ് പ്രസ് ഫോട്ടോസ്.
You received this message because you are subscribed to the Google Groups "Keep_Mailing" group.
To unsubscribe from this group and stop receiving emails from it, send an email to keep_mailing+unsubscribe@googlegroups.com.
To post to this group, send email to keep_mailing@googlegroups.com.
For more options, visit https://groups.google.com/d/optout.
No comments:
Post a Comment